ഡല്‍ഹി: നരസിംഹ റാവു, വാജ്പേയി സര്‍ക്കാരിനു കീഴില്‍ കേന്ദ്രമന്ത്രിയായിരുന്ന പരേതനായ രംഗരാജന്‍ കുമാരമംഗലത്തിന്‍റെ ഭാര്യയും, സുപ്രിംകോടതി മുന്‍ അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡല്‍ഹി വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, വീട്ടിലെ അലക്കുകാരനായ രാജു(24)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചശ്രമത്തിനിടെ ഇയാളും രണ്ടുസഹായികളും ചേര്‍ന്ന് കിറ്റിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇംഗിത് പ്രതാപ് സിങ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൂവരും കിറ്റിയുടെ വീട്ടിലെത്തിയത്. വാതില്‍ തുറന്നുകൊടുത്ത വീട്ടുജോലിക്കാരിയെ ഇവര്‍ അക്രമിച്ച് കീഴ്പ്പെടുത്തി ഒരു മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് കിറ്റിയെ മര്‍ദിച്ച് തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ബ്രീഫ്കേസുകള്‍ തുറന്നിട്ട നിലയില്‍ കണ്ടെത്തി.
കവര്‍ച്ച മുതല്‍ പങ്കുവെച്ച കൂട്ടാളികള്‍ രാജുവിന്‍റെ വിഹിതമായി ഒരു ബാഗ് കൈമാറിയിരുന്നു. എന്നാല്‍, അതില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാളെ കബളിപ്പിച്ച് മറ്റുള്ളവര്‍ മുങ്ങിയതാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post