ബ്രിട്ടനിലെ വേൽസിൽ ബ്രിന്മോർ പട്ടണത്തിൽ ഇറച്ചിക്കുവേണ്ടി കന്നുകാലികളെ വളർത്തുന്ന ജേക് ജോൺസ് എന്ന കർഷകന്റെ ഫാമിലാണ് അവന്റെ ജനനം. യാദൃശ്ചികമായാണ് ഈ തോട്ടത്തിലെത്തിയ മലൻ ഹ്യൂസ് എന്ന വെറ്റിനറി ഡോക്ടർ ഈ കാളക്കുട്ടിയ്ക്ക് മൂന്നു കണ്ണുകളുണ്ട് എന്ന് കണ്ടത്. ഇത്തരത്തിൽ ഒരു കന്നുകാലി ഉണ്ടാവുന്നത് വളരെ അപൂർവമാണ്. അടുത്തിടെയൊന്നും ബ്രിട്ടനിൽ ഇത്തരത്തിലൊരു കാളക്കുട്ടിയെപ്പറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡോക്ടർ മലൻ ഹ്യൂസ് ഈ വിവരം പത്രക്കാരെയറിയിച്ചു.
മറ്റു കണ്ണുകളെപ്പോലെതന്നെ കൺപോളയും പീലിയും കണ്ണുനീരും എല്ലാം ഈ കാളക്കുട്ടന്റെ മൂന്നം കണ്ണിലുമുണ്ട്. നെറ്റിയുടെ ഒത്ത നടുക്കായിത്തന്നെയാണ് ഈ കണ്ണുള്ളത്. ഇതിലൂടെ കാണാനാകുമോ എന്ന് വിദഗ്ധർ പരിശോധിച്ചു വരുന്നതേയുള്ളൂ.
ഈ കാളക്കുട്ടിയെപ്പറ്റിയുള്ള വാർത്ത മിക്ക ബ്രിട്ടീഷ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പത്രവാർത്തയായതൊന്നും കർഷകനായ ജേക് ജോൺസിനു കാര്യമല്ലായിരുന്നു. അദ്ദേഹമവനെ കശാപ്പുശാലയിലേക്കയയ്ക്കാൻ തന്നെ തീരുമാനിച്ചു. മൂന്നു കണ്ണുള്ള കാളക്കുട്ടനെ കശാപ്പു ചെയ്യാൻ പോകുന്നത് വലിയ വാർത്തയായിത്തന്നെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. വലിയ എതിർപ്പാണ് ബ്രിട്ടീഷ് സമൂഹം ഉയർത്തിയത്. ഈ കാളക്കുട്ടിയെ കശാപ്പുശാലയിലേക്ക് അയയ്ക്കുന്നത് വലിയ സങ്കടമാണെന്ന് അനേകം ബ്രിട്ടീഷുകാർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും അറിയിച്ചു.
അതോടെ ഈ കാളക്കുട്ടിയെ വാങ്ങാനും കശാപ്പിൽ നിന്ന് രക്ഷപെടുത്താനും സന്നദ്ധതയറിയിച്ച് ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ മുന്നോട്ടുവന്നു. ലെസ്റ്റർ എന്ന പട്ടണത്തിൽ പ്രവർത്തിക്കുന്ന ‘ഗോശാല‘ എന്ന മൃഗസംരക്ഷണ കേന്ദ്രമാണ് മുന്നിൽ നിന്നത്. ഏതാണ്ട് അഞ്ചുലക്ഷം രൂപ നൽകി (5000പൌണ്ട്) അവർ ആ കാളക്കുട്ടിയെ കശാപ്പുകാരിൽ നിന്ന് വിലയ്ക്ക് വാങ്ങി. മഹാദേവ് എന്ന് പേരുമിട്ടു.
“കൊച്ചുമഹാദേവൻ ഇപ്പൊ വലിയ സന്തോഷത്തിലാണ്. ഗോശാലയിലെ രാധ രുഗ്മിണി എന്നീ പശുക്കളോട് അവൻ വളരെയടുത്തുകഴിഞ്ഞു. ഇപ്പൊ അവിടെയെല്ലാം തുള്ളിച്ചാടി നടക്കുകയാണ്”. ഗോശാല നടത്തുന്ന മയൂരി ഷാ പറയുന്നു. സന്തോഷത്തോടെ ഓടി നടക്കുന്ന മഹാദേവന്റെ വീഡിയോയും ചിത്രങ്ങളും ഗോശാലയുടെ ഫെയിസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുമുണ്ട്.നമുക്ക് ചുറ്റുമുള്ള ജീവികളെ കൂടി നമ്മെപ്പോലെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ സ്നേഹവലയം വലുതാക്കാനാകുമെന്നും അതോടെ മനുഷ്യർ അഹംഭാവത്തിൽ നിന്ന് മോചിതരാകുമെന്നുമാണ് ഗോശാല എന്ന മൃഗസംരക്ഷണകേന്ദ്രത്തിന്റെ അടിസ്ഥാന തത്വം. സകല ചരാചരങ്ങളും ഒരൊറ്റ ചൈതന്യത്തിന്റെ ഭാഗമാണെന്ന ഹൈന്ദവധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഗോശാല പ്രവർത്തിക്കുന്നത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നും ഗോപൂജയ്ക്കായി ഹിന്ദുക്കൾ ഇവിടെയെത്താറുണ്ട്. കശാപ്പിൽ നിന്ന് രക്ഷിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രം സന്ദർശിക്കാനായി വിശ്വാസികളല്ലാത്തവരും എത്തുന്നുണ്ട്. ഇപ്പോൾ മഹാദേവനെ സന്ദർശിക്കാനും അവനെ ഓമനിക്കാനും മാത്രമായി അനേകം പേരാണ് ഗോശാലയിലെത്തുന്നത്.
“മൂന്ന് കണ്ണുകളുള്ളതുകൊണ്ടാണ് മഹാദേവനെന്ന് നാമകരണം ചെയ്തത്. മറ്റുള്ളവയെപ്പോലെ ഇവനും കശാപ്പുശാലയിൽ അവസാനിക്കരുതെന്ന് ആഗ്രഹം തോന്നി”. മഹാദേവനെ വാങ്ങാൻ ഗോശാലയ്ക്ക് സാമ്പത്തികസഹായം നൽകിയ ജയിൻ അനിമൽ സൊസൈറ്റിയുടെ മേധാവി നിതിൻ മേത്ത പറയുന്നു. മൃഗങ്ങളെയുൾപ്പെടെ സകലചരാചരങ്ങളേയും ഒന്നായി കാണാനും സംരക്ഷിക്കാനും അവയോടുള്ള സ്നേഹത്തിലൂടെ വിശ്വശാന്തി വളർത്തുവാനുമുള്ള ഹൈന്ദവധർമ്മതത്വത്തിന്റെ വ്യാപ്തിയെപ്പറ്റി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വളരെ പുകഴ്ത്തിയാണ് റിപ്പോർട്ടുകൾ നൽകുന്നത്.












