ഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു പുനസംഘടിപ്പിക്കപ്പെട്ട മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനചർച്ച ഉയർന്നത്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനു 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച യോഗത്തിൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകളും വിലയിരുത്തി.
കൊവിഡ് പ്രതിരോധത്തിനായി അനുവദിക്കപ്പെട്ട ഇരുപത്തിമൂവായിരം കോടി രൂപയില്‍ പതിനയ്യായിരം കോടി രൂപ കേന്ദ്രത്തിനും, എണ്ണായിരം കോടി സംസ്ഥാനങ്ങള്‍ക്കുമാണ്. മൂന്നാതരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അവര്‍ക്കായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കും. കൂടുതല്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം, ഐസിയു കിടക്കകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനങ്ങളും പുതിയ കേന്ദ്രമന്ത്രിസഭ കൈകൊണ്ടു. 736 ജില്ലകളിൽ ശിശുരോഗ വിഭാഗങ്ങൾ, 20,000 ഐസിയു കിടക്കകൾ, പുതിയ മരുന്നുകളുടെ സ്റ്റോക്കുകൾ എന്നിവ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പദ്ധതി അടുത്ത 9 മാസത്തിനുള്ളിൽ നടപ്പിലാക്കും.
കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉയർന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ വഴി ഇതിന്‍റെ പ്രയോജനം കര്‍ഷകര്‍ഷകര്‍ക്ക് കിട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പകരം കര്‍ഷകനെ അധ്യക്ഷനാക്കി നാളികേര വികസന ബോർഡ് പുനസംഘടിപ്പിക്കും. കാര്‍ഷിക നിയമങ്ങളില്‍ പുനരാലോചനയില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു.
Discussion about this post