കൊച്ചി: പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്‌ത് പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ആനി ശിവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ബുധനാഴ്ചയാണ് കേസ് റജിസ്റ്റർ ചെയ്തത്.
അതേസമയം, കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ സംഗീത ലക്ഷ്മണ ‘എസ്ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ എന്ന് വീണ്ടും പോസ്റ്റിട്ടു. ”ചാനലുകളിൽനിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്. വിദേശത്തുനിന്നു വരെ വിളികൾ വന്നു തുടങ്ങിയപ്പോൾ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞതെന്നും എഫ്ഐആർ, എഫ്ഐഎസ് റെക്കോർഡുകൾ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും” അവർ പോസ്റ്റിൽ കുറിച്ചു. മുൻ ഐജി കെ. ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത.
ആനി ശിവ സെൻട്രൽ സ്റ്റേഷൻ ചുമതല ഏൽക്കുന്നതിനു മുൻപ് അവരുടെ ജീവിതം സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും വൈറലായതിനു പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണ സമൂഹമാധ്യമത്തിൽ ഇവർക്കെതിരെ പോസ്റ്റിട്ടത്. ഇതു തുടർന്നതോടെയാണ് പരാതി നൽകാൻ ആനി ശിവ മുതിർന്നത്. വരും ദിവസം ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
നാരങ്ങ വെള്ളവും ഐസ്ക്രീമും വിറ്റുനടന്ന വർക്കല ബീച്ച് ഉൾപ്പെടുന്ന പ്രദേശത്തെ സ്റ്റേഷനിൽ എസ്ഐആയി ചുമതല ഏറ്റെടുത്തത് സഹപ്രവർത്തകരിൽ ഒരാളോടു പങ്കുവച്ചതിനു പിന്നാലെയാണ് ഇവരുടെ ജീവിതം പുറം ലോകമറിയുന്നത്. തൊട്ടു പിന്നാലെ ഇവർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഇവരുടെ ആഗ്രഹപ്രകാരം എറണാകുളം ജില്ലയിലേക്കു സ്ഥലംമാറ്റവും ലഭിച്ചു.
Discussion about this post