തിരുവനന്തപുരം: കൂട്ടിയ വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറച്ചതോടെ ഇന്നു മുതൽ ബാറുകളിലും മദ്യ വിൽപന തുടങ്ങുമെന്ന് ബാറുടമകൾ അറിയിച്ചു.
എട്ടു ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായാണു ബവ്കോ വർധിപ്പിച്ചത്.
ലാഭമില്ലാതെ വിൽക്കുകയും 10% വിറ്റുവരവ് നികുതി സർക്കാരിലേക്കു നൽകുകയും ചെയ്യണമെന്ന നിബന്ധന അംഗീകരിക്കാനാകില്ലെന്നും, ഈ തീരുമാനം പിൻവലിക്കുകയോ മദ്യത്തിന്റെ വിൽപന വില ഉയർത്തുകയോ വേണമെന്ന ആവശ്യമാണ് ബാർ ഉടമകൾ ഉന്നയിച്ചത്. ലാഭവിഹിതം സംബന്ധിച്ച തീരുമാനത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 18 മുതൽ ബാറുകളിൽ മദ്യ വിൽപന നടത്തിയില്ല. ബവ്കോ ലാഭവിഹിതം ഉയർത്താത്ത ബീയർ മാത്രമാണു വിൽപന നടത്തിയത്.
പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, നികുതി സെക്രട്ടറി സൗരവ് ജെയിൻ, ധനകാര്യ വകുപ്പിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഫിനാൻസ് റിസോഴ്സസ്) ജി.ആർ. ഗോകുൽ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.
Discussion about this post