തൃശൂർ: ചേറ്റുവയിൽ 18 കിലോ ഭാരമുള്ള 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്പിടിയിലായത്. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്.
തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക
കേരളത്തിലേയും ഇന്ത്യയിലേയും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന വസ്തുവാണിത്. ഇവ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. പിടിയിലായ സംഘത്തിന് എങ്ങനെയാണ് ഇവ ലഭിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരുകയാണ്.












