വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് പ്രതിയുടെ കുറ്റസമ്മതപ്രകാരമായിരുന്നു തെളിവെടുപ്പ്. പ്രതിയെ കടയിലുള്ളവര്‍ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാള്‍ മിഠായി വാങ്ങിയിരുന്നെന്നും അവര്‍ മൊഴി നല്‍കി. കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്.
സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞ അർജുൻ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. പലപ്പോഴും തിടുക്കത്തിലാണ് ഇയാള്‍ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര്‍ മൊഴി നല്‍കി. കുട്ടിക്ക് മിഠായി നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം പോയതിനെ തുടർന്ന് ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു .ശേഷം, ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു.
തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ മൊഴി നൽകിയിട്ടുണ്ട്. സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടതെന്നും, ഒട്ടും പ്രതീക്ഷിക്കാത്തതാണു നടന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ”കേസ് രാഷ്ട്രീയവത്കരിക്കരുത്. ദുരൂഹത തോന്നിയപ്പോള്‍ പൊലീസ് അന്വേഷണം നടത്തിയതിനാലാണു പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണ്”. അദ്ദേഹം പ്രതികരിച്ചു.
പ്രതി അര്‍ജുന്റെ ഡിവൈഎഫ്ഐ ബന്ധം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. സിപിഎമ്മിനെതിരെ പ്രതിക്ഷനേതാവ് വി.ഡി. സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. എന്നാൽ, മൂവാറ്റുപുഴയിലെ പോക്സോ കേസിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
Discussion about this post