അഗർത്തല: ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അപ്രതീക്ഷിത സമ്മാനമായി 400 കൈതച്ചക്കകളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അദ്ദേഹം കൊടുത്തയച്ചത്.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള ത്രിപുര മുഖ്യമന്ത്രിയുടെ ഊഷ്മളമായ ബന്ധം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം അറിയിച്ചു. ത്രിപുരയും ബംഗ്ലാദേശും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും ടൂറിസം- ആരോഗ്യ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ത്രിപുരം ടൂറിസം ഡിപ്പർട്ട്മെന്റ് അറിയിച്ചു.
അടുത്തയിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും മാമ്പഴങ്ങൾ സമ്മാനമായി കൊടുത്തയച്ചിരുന്നു.
Discussion about this post