ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിലെത്തും. വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു.
ഇന്ത്യൻ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായ സ്പുട്നിക് വി ലഭ്യത ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പുട്നിക് ലൈറ്റ് വാക്സിൻ ഇന്ത്യയിൽ ഉടൻ ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിൽ നടന്ന റഷ്യൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇരു രാജ്യങ്ങളും തുടരുമെന്ന് വക്താക്കൾ അറിയിച്ചു. ഇന്ത്യയിലെ കോവിഷീൽഡുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും സംയുക്ത വാക്സിൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടു പോകുമെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് സ്പുട്നിക് വി ഉൽപാദിപ്പിക്കാനും സംയോജിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യ അറിയിച്ചു.







