ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സുശക്തമായ പ്രതിരോധ നയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ അതിർത്തികളെ തൊടാൻ ഇനി ഒരു ശത്രുവും ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നത് വരെ ഇന്ത്യക്ക് വ്യക്തമായ പ്രതിരോധ നയം ഉണ്ടായിരുന്നില്ല. പ്രതിരോധ നയവും വിദേശ നയവും തമ്മിൽ കൂടിക്കുഴഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ പരാമാധികാരത്തെ വെല്ലുവിളിക്കാൻ ശത്രുക്കൾക്ക് ധൈര്യം ലഭിക്കാത്ത തരത്തിൽ നയങ്ങൾ വ്യക്തമായിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
അതിർത്തിയിലെ ഡ്രോൺ കടന്നു കയറ്റങ്ങൾ നിയന്ത്രിക്കാൻ വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഡി ആർ ഡി ഒയും മറ്റ് ഏജൻസികളും ഇതിനായി പ്രവർത്തനങ്ങൾ തുടരുകയാണ്. പാക് ഭീകര സംഘടനകളെ നേരിടാൻ നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പദ്ധതികൾ ഒരുങ്ങുകയാണ്. അതിർത്തിയിലെ ഡ്രോൺ ആക്രമണങ്ങളെ നിലം പരിശാക്കാൻ ഇവയിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.









