തൃശൂര്‍: എരുമപ്പെട്ടിയില്‍ വളര്‍ത്തുനായയുമായി പ്രഭാത സവാരിയ്ക്ക് പോയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കാട് വെള്ളത്തേരി താണിക്കല്‍ വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന്‍ രാജനാണ് (43) മരിച്ചത്. വീടിന് പിറകിലുള്ള ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ വളര്‍ത്തുനായയോടൊപ്പം പ്രഭാത സവാരിക്ക് പോയ രാജന്‍ എട്ടു മണിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നുള്ള തെരച്ചിലിനിടയിലാണ് വളര്‍ത്തുനായയെയും രാജന്റെ ചെരിപ്പും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയും എരുമപ്പെട്ടി പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിനായി മുളം കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post