കോവളം: അന്തര്‍ ദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് ചരിത്രം കുറിച്ച് ഇന്നലെ മാത്രം എത്തിയത് 9 കപ്പലുകള്‍. വിഴിഞ്ഞത്ത് ഒറ്റ ദിവസം ഇത്രയും കപ്പല്‍ എത്തിയത് ഇതാദ്യമായിട്ടാണ്.
ഇടയ്ക്ക് പെയ്ത മഴയും പ്രതികൂല കാലവസ്ഥയും ക്രൂ ചെയ്ഞ്ചിംഗിന് തടസമായി. ക്രൂ ചെയ്ഞ്ചിനായെത്തിയ 9 കപ്പലുകളില്‍ നിന്ന് 90 ജീവനക്കാര്‍ കരയ്ക്കിറങ്ങിയപ്പോള് പകരം 101 ജീവനക്കാരാണ് ഇവിടെ നിന്ന് കപ്പലുകളിലേക്ക് കയറിയത്. കരയ്ക്കിറങ്ങിയവരില് രണ്ടുപേര്‍ വിദേശികളാണ്.
പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കപ്പലുകള്‍ ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ മൈനര്‍ പോര്‍ട്ടെന്ന ഖ്യാതി വിഴിഞ്ഞം സെന്റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഒറ്റ ദിവസത്തില്‍ കൂടുതല്‍ കപ്പലുകള്‍ എന്ന നേട്ടവും മറികടക്കുന്നത്.
ഇത്രയും വലിയ ഓപ്പറേഷന് നടത്താന്‍ കേരള മാരിടൈം ബോര്‍ഡിന് ധ്വനി എന്ന ഒറ്റ ടഗ് മാത്രമാണ് വിഴിഞ്ഞത്ത് നിലവിലുള്ളത്. നേരത്തെ മൂന്ന് ടഗുകള്‍ ഉണ്ടായിരുന്നതില്‍ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് രണ്ടെണ്ണം ഇവിടെ നിന്ന് മറ്റ് പോര്‍ട്ടുകളിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ടഗ്ഗിനെയാണ് ആശ്രയിക്കുന്നത്.
അന്തര്‍ദേശീയ ജലപാതയോട് ഏറെ അടുത്തു കിടക്കുന്നതാണ് വിഴിഞ്ഞം സെന്ററിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. നങ്കൂരമിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങാനാകുന്നതും കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.
അന്തര്‍ദേശീയ ശ്രദ്ധ നേടിയതോടെ തിരക്ക് വര്‍ദ്ധിച്ചിട്ടും ഇവിടെ ഒരു പോര്ട്ടാഫീസറെ നിയമിക്കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. കൊല്ലം പോര്ട്ടാഫീസര്ക്കാണ് ഇപ്പോഴും വിഴിഞ്ഞം മൈനര്‍ പോര്‍ട്ടിന്റെ ചുമതല.
Discussion about this post