ദിസ്പുർ: കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരെ ആന ആക്രമിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ശാന്തമായി റോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിക്കുകയായിരുന്നു. പാസ്കൽ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. ആനക്കൂട്ടത്തെ ശല്യപ്പെടുത്തിയതോടെ ആനകളിൽ ഒന്ന് റോഡിൽ നിൽക്കുകയായിരുന്ന നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു.
ഇതോടെ നാട്ടുകാർ ചിതറിയോടിയെങ്കിലും പാസ്കൽ മുണ്ട നിലത്തു വീണു. ഇയാളെ ചവിട്ടിയതിനു ശേഷം ആന കൂട്ടത്തിനൊപ്പം ചേർന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
A human lost his life. I wonder whom to blame. pic.twitter.com/KQVGzRq0Ca
— Parveen Kaswan, IFS (@ParveenKaswan) July 26, 2021
ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കേശ്വാൻ പങ്കുവച്ച സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പർപ്പിൾ നിറമുള്ള ടീഷർട്ട് ധരിച്ച ഒരാൾ കൈയിലുള്ള മഞ്ഞ ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
Discussion about this post