ഡൽഹി: 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ 3 ദൗത്യം കോവിഡ് 19 പശ്ചാത്തലത്തിലാണ് വൈകിയത്
ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ചന്ദ്രയാൻ 3 ഈ വർഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. അപ്രതീക്ഷിതമായി ലോകം നേരിട്ട കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണുമാണ് ചന്ദ്രയാൻ 3 വൈകിയതിന് കാരണം. ലോക്ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
”ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ചന്ദ്രയാൻ 2-നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3-നും. എന്നാൽ, ഇതിന് പുതിയ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രയാൻ 2-ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓർബിറ്റർ തന്നെ ചന്ദ്രയാൻ 3- ന് ഉപയോഗിക്കും. 2022-ഓടെ ചന്ദ്രയാൻ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. ഐ.എസ്.ആർ.ഒ. മേധാവി കെ.ശിവൻ ഫെബ്രുവരി ആദ്യം പറഞ്ഞിരുന്നു.
ചാന്ദ്രദൗത്യം ഉൾപ്പടെ ഐ.എസ്.ആർ.ഒയുടെ നിരവധി പദ്ധതികളെ കോവിഡ് 19-നെ തുടർന്നുണ്ടായ ലോക്ഡൗൺ ബാധിച്ചതായാണ് റിപ്പോർട്ട്.
Discussion about this post