കൊല്ലം: വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പാരിപ്പള്ളി പൊലീസിന്റെ നടപടി ന്യായീകരിച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയപ്പോൾ ആളു കൂടുകയും തുടർന്ന് പൊലീസ് നടപടി എടുക്കുകയുമായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
ഇതിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. നിയമപ്രകാരമാണ് നടപടി എടുത്തതെങ്കിൽ മീൻ വലിച്ചെറിഞ്ഞവർക്കെതിരെയും നടപടി ആവശ്യമാണെന്ന് കമന്റുകളിൽ അഭിപ്രായം ഉയരുന്നു. പാവപ്പെട്ടവന്റെ അന്നം ചവിട്ടി തെറിപ്പിച്ചിട്ട് ന്യായീകരിക്കാൻ ഉളുപ്പുണ്ടോ പൊലീസേ എന്നും കമന്റുകൾ ഉയരുന്നു.
പാരിപ്പള്ളി പാമ്പുറത്തായിരുന്നു പൊലീസിന്റെ അതിക്രമം. മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പാത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ കളഞ്ഞത്.
‘ഡി’ വിഭാഗത്തില്‍ പെട്ട പ്രദേശമാണെങ്കിലും തിരക്കുകള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും മേരി പറഞ്ഞു. പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് പാത്രത്തില്‍ ഉണ്ടായിരുന്നതെന്നും ആകെ അഞ്ഞൂറ് രൂപയ്ക്ക് മാത്രമേ കച്ചവടം നടന്നൊള്ളു എന്നും മേരി പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണി മുതലുള്ള അധ്വാനമാണ് പോലീസ് ചവറുകൂനയില്‍ വലിച്ചെറിഞ്ഞത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.











