ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ ഇന്ത്യൻ സേന വകവരുത്തി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് അബു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹംഗൽമാർഗിൽ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഇയാളെ വധിച്ചത്.
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുവാണ് അബു. അദ്നാൻ, ഇസ്മയിൽ, ലാംബു എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ. 22 വയസ്സുകാരനായ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ധർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 78 ബസുകൾ അടങ്ങിയ സൈനിക വാഹന വ്യൂഹമായിരുന്നു ആക്രമിക്കപ്പെട്ടത്.
Discussion about this post