ഡൽഹി: ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ. 2018 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്കാണ് ഇത്. മൃഗസ്നേഹികളുടെ സംഘടനാംഗമായ വിവേക് പാണ്ഡെ നൽകിയ വിവരാവാകാശ അപേക്ഷ പ്രകാരം കിട്ടിയ മറുപടിയിലാണ് വിവരം.
ഉദര സംബന്ധമായ രോഗങ്ങൾ, ഹൃദയാഘാതം, കരൾ രോഗം, ക്ഷയം, പരസ്പരം ആക്രമണം എന്നിവയാണ് മരണകാരണമെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജന്തുക്കളും ചത്തവയിൽ ഉൾപ്പെടുന്നു. 31 മാനുകൾ, 6 കടുവകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം നിർഭയ എന്ന പെൺകടുവയും ചത്തിരുന്നു. 2014ൽ അബദ്ധത്തിൽ കൂട്ടിനുള്ളിൽ അകപ്പെട്ട വിജയ് എന്ന മനുഷ്യനെ കൊന്ന വിജയ് എന്ന കടുവയുടെ മകളാണ് നിർഭയ. മൃഗശാലക്ക് 157 കോടി രൂപയുടെ ഫണ്ടുള്ളതായി വിവേക് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. മൃഗശാല അധികൃതരുടെ അനാസ്ഥയാണ് ജന്തുക്കളുടെ മരണത്തിന് കാരണമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചികിത്സയിലെ പിഴവുകളും മരണ കാരണമാകുന്നുണ്ട്. ബംഗാൾ കടുവകളും സിംഹങ്ങളും ഉൾപ്പെടെ ചത്തവയിൽ പെടുന്നത് ഗുരുതരമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












