ഹൈദരാബാദ്: അനാഥക്കുട്ടികളെന്ന് കള്ളം പറഞ്ഞ് കുഞ്ഞുങ്ങളുടെ ചിത്രം കാട്ടി ലക്ഷങ്ങൾ പിരിച്ചെടുത്ത പാസ്റ്റർമാർക്കെതിരെ കേസ്. ആന്ധ്രാ പ്രദേശിലാണ് സംഭവം. കേസിൽ ഒരാൾ അറസ്റ്റിലായി.
കൃഷ്ണ ജില്ലയിലെ തുക്കുലൂർ ഗ്രാമത്തിലെ കുട്ടികളുടെ ചിത്രങ്ങളാണ് പാസ്റ്റർമാർ തട്ടിപ്പിനായി ഉപയോഗിച്ചത്. കുട്ടികൾക്ക് പഴങ്ങൾ വിതരണം ചെയ്ത ശേഷം ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. മൂന്ന് പാസ്റ്റർമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പാസ്റ്റർമാർ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നത് ഗ്രാമവാസികൾ ശ്രദ്ധിച്ചിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പാസ്റ്റർമാർ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. തങ്ങൾ 50 അനാഥക്കുട്ടികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നതായാണ് പാസ്റ്റർമാർ അവകാശപ്പെട്ടിരുന്നത്. ചിത്രങ്ങളിൽ കുട്ടികളുടെ പേരുകളും പ്രായവും ചേർത്തിരുന്നു. രക്ഷിതാക്കൾ മരണപ്പെട്ട കുട്ടികളാണെന്നും ഇവർ ദയനീയാവസ്ഥയിലാണെന്നുമാണ് പാസ്റ്റർമാർ പ്രചരിപ്പിച്ചിരുന്നത്.
ഗ്രാമവാസികളിലൊരാളുടെ ശ്രദ്ധയിൽ ചിത്രങ്ങൾ പതിഞ്ഞതോടെയാണ് പാസ്റ്റർമാർ കുടുങ്ങിയത്. ഇവർ പാസ്റ്റർമാരെ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വിവരമറിയിച്ചു. ഇതിനിടയിൽ തല്ല് കൊണ്ട് അവശരായ രണ്ട് പാസ്റ്റർമാർ ഓടി രക്ഷപ്പെട്ടു. മദർ തെരേസ ശിശുസേവ ട്രസ്റ്റ് മേധാവിയും ഗ്രാമവാസികളുടെ തല്ല് വാങ്ങിയവരുടെ കൂട്ടത്തിൽ പെടുന്നു. ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post