ലഖ്നോ: ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പിയെ രാജ്യത്ത് ഒന്നാമതെത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവന്‍റെ ഉന്നമനത്തിനായാണ് ബി.ജെ.പി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലഖ്നോവില്‍ ഫൊറന്‍സിക് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കവേ അദ്ദേഹം പറഞ്ഞു.
”ആറ് വര്‍ഷമായി ഞാന്‍ യു.പിയിലൂടെ വളരെയധികം സഞ്ചരിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന യു.പിയെ എനിക്ക് വളരെ നന്നായി അറിയാം. പശ്ചിമ യു.പിയില്‍ ഭയത്തിന്‍റെ സാഹചര്യമായിരുന്നു അന്നുള്ളത്. ജനങ്ങള്‍ നാടുവിട്ട് പോകുന്നത് പതിവായിരുന്നു. സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലായിരുന്നു. പാവപ്പെട്ടവരുടെ സ്ഥലങ്ങള്‍ ഭൂമാഫിയ പിടിച്ചെടുക്കുമായിരുന്നു. പകല്‍ നേരങ്ങളില്‍ പോലും വെടിവെപ്പും കലാപവും നടന്നിരുന്നു” -ഷാ പറഞ്ഞു.
”യു.പിയെ വികസന കേന്ദ്രമാക്കുമെന്നും ക്രമസമാധാനം കൊണ്ടുവരുമെന്നും 2017ല്‍ ബി.ജെ.പി ഉറപ്പുനല്‍കിയതാണ്. 2021ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യു.പിയെ ക്രമസമാധാനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തിച്ചുവെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. ജാതിയുടെയോ കുടുംബങ്ങളുടെയോ അടുപ്പക്കാരുടെയോ അടിസ്ഥാനത്തിലല്ല ബി.ജെ.പി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങില്‍ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും പങ്കെടുത്തിരുന്നു.
Discussion about this post