ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്. നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബാരാമുള്ള സ്വദേശി അമിര്‍ റെയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുല്‍വാമയിലെ രാജ്പോറ സ്വദേശി ഷുഹൈബ് മുസാഫര്‍ ക്വുസി, താരിഖ് ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം പിടികൂടിയത്.
അനന്ത്നാഗ് പട്ടണത്തില്‍ നടത്താന്‍ ഉദ്ദേശിച്ച വലിയ സ്ഫോടന പദ്ധതിയാണ് പോലീസിന്റെ ഈ നീക്കത്തിലൂടെ തടുക്കാനായത്. ഓണ്‍ലൈന്‍ പ്രചാരണത്തിന് ഇരയാകുന്നതില്‍ നിന്നു യുവാക്കളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ വേദികളിലൂടെയും ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നവരാണ് അറസ്റ്റിലായവരെന്ന് പോലീസ് വക്താവ് പറഞ്ഞു.
ലോണിന്റെ പക്കല്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുള്‍പ്പടെ പിടിച്ചെടുത്തു. ബാരാമുള്ള സ്വദേശിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ബിലാല്‍ ഷെയ്ഖുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. പുല്‍വാമയിലെ സജീവ ഭീകരനായ ആക്വിബ് ദാറുമായി ക്വാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
Discussion about this post