ഡൽഹി: കൊവിഡ് വ്യാപനം രാജ്യത്ത് ഏറ്റവും രൂക്ഷമായ കേരളത്തിന് രോഗ പ്രതിരോധത്തിൽ വീഴ്ച പറ്റിയതായി കേന്ദ്ര സംഘം. കോണ്ടാക്‌ട് ട്രെയ്‌സിംഗിലെ പ്രശ്‌നമാണ് കേന്ദ്രസംഘം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. രോഗബാധ കൂടിയ പത്ത് ജില്ലകളില്‍ കൃത്യമായ കോണ്ടാക്ട് ട്രെയിസിംഗ് ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കേന്ദ്ര സംഘം അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുക്കള്‍ നിശ്ചയിക്കുന്നതിലെ നടപടികളും യുക്തിസഹമല്ലെന്നും കേന്ദ്ര സംഘം അഭിപ്രായപ്പെടുന്നു. വീട് വീടാന്തരം ഉള്ള പരിശോധന വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സംഘം ശുപാർശ ചെയ്യുന്നു.
അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 23,676 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്താണ് സ്ഥിതി ഏറ്റവും ഗുരുതരം. 4276 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.












