കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക് പുറപ്പെട്ടു. പരിശീലനങ്ങളും പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.
19 വര്‍ഷം എടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയുമുള്ള യുദ്ധകപ്പലിന് അഞ്ച് ഡെക്കുകളാണുള്ളത്. 1500 നാവികര്‍ കപ്പലിലുണ്ടാകും.
ഐ.എന്‍.എസ് വിക്രാന്തില്‍ മൂന്നു റണ്‍വേകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോള്‍ പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്.
2002ല്‍ വിമാനാവഹിനി കപ്പല്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് കൊച്ചി കപ്പല്‍നിര്‍മാണശാലയെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചു. 2009ല്‍ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് കപ്പല്‍ നിര്‍മാണത്തിന് കീലിട്ടത്.
2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും 2014ല്‍ കമീഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, റഷ്യയില്‍ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയില്‍ തടസങ്ങളുണ്ടായി. പിന്നീട് ഡി.ആര്‍.ഡി.ഒയുടെ സാങ്കേതിക സഹായത്തോടെ കപ്പല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉല്‍പാദിപ്പിച്ചത്.
Discussion about this post