കൊച്ചി : സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശമ്ബള വരുമാനമുണ്ടെങ്കില്‍ ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.സിംഗിള്‍ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റര്‍ മേരി ലൂസിറ്റ നല്‍കിയതുള്‍പ്പെടെ 49 അപ്പീലുകള്‍ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
‘സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും’ നല്‍കണമെന്ന ബൈബിള്‍ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണു കോടതിയുടെ വിധി. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് അനുവദിക്കാനാവില്ലെന്നും, നിയമപ്രകാരം നികുതി ഈടാക്കുന്നതു മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും കോടതി പറഞ്ഞു.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തര്‍ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണു പോകുന്നതെന്നും അപ്പീല്‍ ഭാഗം വാദിച്ചു. എന്നാല്‍, ശമ്പളവും പെന്‍ഷനും ഗ്രാറ്റ്വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അര്‍ഹതയുണ്ടെങ്കില്‍ ടിഡിഎസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണു ചെയ്യേണ്ടതെന്നും അറിയിച്ചു. സന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനെയും കന്യാസ്ത്രീയെയും സംബന്ധിച്ചു ‘സിവില്‍ ഡെത്ത്’ ആണു സംഭവിക്കുന്നതെന്ന വാദവും അംഗീകരിച്ചില്ല.
കാനോനിക നിയമപ്രകാരമുള്ള ‘സിവില്‍ ഡെത്ത്’ എന്ന ആശയം സന്യസ്തരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമങ്ങള്‍ക്കു വ്യക്തിഗത നിയമങ്ങളെക്കാള്‍ പ്രാമുഖ്യമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലവകാശം ഉള്‍പ്പെടെ നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ട്, കോടതി വ്യക്തമാക്കി.












