കാബൂൾ: ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ 112 താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നും,31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിൽ അൽ ഖായിദ അംഗങ്ങളായ 30 പാക്കിസ്ഥാൻ പൗരന്മാരുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകിയതായും അഫ്ഗാൻ സേനയ്‌ക്കെതിരായ താലിബാൻ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാൻ ആരോപിച്ചു.
പാക്കിസ്ഥാൻ, താലിബാന് വിതരണ ശൃംഖല ഉറപ്പാക്കുന്നു എന്നത് വെളിപ്പെടുത്തുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്ക് നൽകാൻ അഫ്ഗാനിസ്ഥാൻ തയാറാണെന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാൻ പ്രതിനിധി ഗുലാം ഇസാക് സായ് പറഞ്ഞു. ”രക്ഷാസമിതി അംഗങ്ങൾക്ക് തെളിവ് വേണമെങ്കിൽ, അത് നൽകാൻ ഞങ്ങൾ തയാറാണ്. ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാർ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തെളിവുകൾ പാക്കിസ്ഥാനു നൽകിയിട്ടുണ്ട്”. അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാൻ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജാവ്‌ജാനിലെ ഷെബർഗാൻ നഗരവും പിടിച്ചെടുത്തു. താലിബാൻ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.
Discussion about this post