അഹ്മദാബാദ്: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. 34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ജിഗ്നേഷ് പട്ടേൽ ആണ് അറസ്റ്റിലായത്. ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് പിടിയിലാകുന്നത്.
ജൂലൈ എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഊര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഊര്‍മിളക്ക് നല്‍കിയ ഡ്രിപ്പില്‍ ജിഗ്നേഷ് സയനൈഡ് കുത്തിവെക്കുകയായിരുന്നു.
സയനൈഡ് ഉള്ളില്‍ ചെന്നയുടന്‍ ഊര്‍മിള മരണത്തിന് കീഴടങ്ങി. മരണത്തില്‍ അസ്വഭാവികത തോന്നിയതോടെ പൊലീസ് അപകട മരണത്തിന് കേസ് എടുക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനയില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ജിഗ്നേഷ് അറസ്റ്റിലാകുകയായിരുന്നു.
ഏഴുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.
Discussion about this post