ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ‘ദി ഓസ്ട്രേലിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ആഗോള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ആബട്ട് തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചത്. ലോകത്തിലെ വൻ ശക്തിയായ ചൈന കൂടുതൽ കാർക്കശ്യം പുലർത്തി മുന്നോട്ട് പോകുമ്പോൾ ലോകശക്തികൾക്കിടയിൽ ഇന്ത്യ ഉചിതമായ സ്ഥാനം നേടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ലോകത്തിനാകമാനം ഗുണകരമാണ്. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദലായി നിലകൊള്ളാൻ ഇന്ത്യയിലെ ജനാധിപത്യ ശക്തിക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ലോകം ഒരുപാട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്പാദന രംഗത്തും കയറ്റുമതി രംഗത്തും ചൈനക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ശക്തിയാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവുമധികം സ്റ്റീലും ഔഷധങ്ങളും ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള പങ്കാളിത്തം സ്വാഭാവികമാണെന്നും ആബട്ട് വ്യക്തമാക്കി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ക്വാഡ് രാജ്യങ്ങൾ ഒരു കുടുംബം പോലെയായി. മലബാർ നാവികാഭ്യാസം ലോക ശ്രദ്ധയിലേക്കെത്തി. ജപ്പാനും ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം കൈകോർത്തപ്പോൾ അമേരിക്കയും ബ്രിട്ടണും ഉദാരമായി സഹകരിക്കാൻ തയ്യാറായെന്നും ആബട്ട് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായുള്ള ഓസ്ട്രേലിയയുടെ സഹകരണം നിർണായകമാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നിക്ഷേപ സഹകരണവും എക്കാലത്തെയും മികച്ച നിലയിലാണെന്നും ടോണി ആബട്ട് വ്യക്തമാക്കി. 2013-2015 കാലഘട്ടത്തിലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്നു ടോണി ആബട്ട്.









