മുംബൈ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ സംസ്ഥാനം ശ്രമിക്കുന്നതിനിടെ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ മൂന്നു മരണം സ്ഥിരീകരിച്ചു. മുംബൈയിൽ ജൂലൈ 27ന് മരിച്ച 63 വയസ്സുകാരിയുടെയും റായ്ഗഡ് സ്വദേശിയായ 69 വയസ്സുകാരന്റെയും കഴിഞ്ഞ മാസം മരിച്ച രത്‌നഗിരി സ്വദേശിയായ 80 വയസ്സുകാരിയുടെയും മരണമാണ് ഡെൽറ്റ പ്ലസ് വകഭേദം മൂലമാണെന്നു സ്ഥിരീകരിച്ചത്.
ജൂലൈ 21ന് രോഗം സ്ഥിരീകരിച്ച മുംബൈ സ്വദേശിനിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. രണ്ടു ഡോസ് വാക്സീനും എടുത്തതാണ്. ബുധനാഴ്ച ലഭിച്ച സാംപിൾ പരിശോധനാ ഫലത്തിലാണ് ഡെൽറ്റ പ്ലസ് ആണെന്നു മനസ്സിലായത്. ഇവരുമായി ഇടപഴകിയ മറ്റു രണ്ടുപേർക്കുൾപ്പെടെ എഴു പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി.
ഇതിനു പുറമേ 13 സാംപിളുകൾ കൂടി ഡെൽറ്റ പ്ലസ് ആണെന്നു സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. അതിൽ മൂന്ന് കേസുകൾ പുണെയിലും, രണ്ടെണ്ണം നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാൽഘർ എന്നിവിടങ്ങളിലും ചന്ദ്രപുർ, അകോല എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണുള്ളത്. 7 കുട്ടികളിലും 8 മുതിർന്ന പൗരന്മാരിലും ഉൾപ്പെടെ സംസ്ഥാനത്താകെ 65 ഡെൽറ്റ പ്ലസ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
രാജ്യത്താകെ 86 ഡെൽറ്റ പ്ലസ് കേസുകളുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തമിഴ്‌നാട്ടിലുമാണെന്നു നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവി സുജിത് സിങ് പറഞ്ഞു.
Discussion about this post