മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്സാണ് കിങ്ഫിഷര്‍ ഹൗസ് വാങ്ങിയത്. കിങ്ഫിഷര്‍ ഹൗസ് വില്പനയില് നിന്ന് കിട്ടുന്ന പണം വിജയ് മല്യക്ക് പണം വായ്പ നല്കിയ ബാങ്കുകള്‍ക്കാണ് ലഭിക്കുക. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്.ടി.)ആണ് വില്പന നടത്തിയത്.
എസ്.ബി.ഐ. നേതൃത്വം നല്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. 7250 കോടി രൂപ മല്യയുടെ ഓഹരികള്‍ വിറ്റ് ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു.
മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് കിങ്ഫിഷര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. 2016 മാര്‍ച്ച് മുതലാണ് കെട്ടിടം വില്‍ക്കാനുള്ള നീക്കം ആരംഭിച്ചത്. 135 കോടി രൂപയായിരുന്നു കെട്ടിടത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഇതിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് ഇപ്പോള്‍ കെട്ടിടം വിറ്റുപോയിരിക്കുന്നത്.
2019-ല്‍ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മല്യ ഇംഗ്ലണ്ടിലാണ്. മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Discussion about this post