ഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു.
‘ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ‘. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം ഏവർക്കും പുതിയ ഊർജ്ജവും വെളിച്ചവും നൽകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. അതിന് മുന്നോടിയായി രാജ്ഘട്ടിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി സായുധ സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക അതിഥികളാണ്. ഇത് നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിക്കാനുള്ള ദിവസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, വാക്സിൻ ഉദ്പാദനത്തിനും വിതരണത്തിനുമായി പ്രയത്നിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
Discussion about this post