ഡൽഹി: താലിബാൻ ഭീകരർ അരാജകത്വം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. അടിയന്തര യാത്രക്കായി വിമാനങ്ങള്‍ പറത്താന്‍ തയ്യാറായിരിക്കണമെന്ന് എയര്‍ ഇന്ത്യക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ഏകദേശം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത് എന്നാണ് കണക്ക്. ഇതില്‍ 129 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭീതി വിതച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാന്‍ വിടാന്‍ ഇന്ത്യന്‍ എംബസി നിർദേശം നൽകിയിരുന്നു.
അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെയും പ്രതിനിധികളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യന്‍ വിമാനങ്ങള്‍ തയ്യാറാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി വ്യോമസേനയുടെ സി -17 വിമാനവും സജ്ജീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.












