പി എച്ച് ഡി വിവാദത്തിൽ ചിന്താ ജെറോമിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. സുനിൽ പി ഇളയിടം ഡോക്ടറേറ്റ് നേടിയത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണെന്നും നിയമങ്ങളെ മറികടന്ന് ചിന്ത ജെറോം പിഎച്ച്ഡി വാങ്ങിയതെങ്ങനെ എന്നറിയാന്‍ തനിക്ക് ആകാംക്ഷയുണ്ടെന്നും ജോൺ ഡിറ്റോ പറയുന്നു. സഖാവായാല്‍ എന്തും സാധ്യമാണെന്നും ജോണ്‍ ഡിറ്റോ പരിഹസിക്കുന്നു.
ജോൺ ഡിറ്റോയുടെ കുറിപ്പിന്റെ പൂർണ്ണരൂപം: ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു. ‘ചങ്കിലെ ചൈന’ എന്ന അമൂല്യഗ്രന്ഥമെഴുതിയതുമുതല്‍ ആ വിസ്മയമിങ്ങനെ വാനോളം വളര്‍ന്ന് വളര്‍ന്ന് കൊണ്ടിരിക്കുകയുമായിരുന്നു. യുവജന കമ്മിഷന്‍ അധ്യക്ഷയെന്ന നിലയിൽ ഒന്നരലക്ഷത്തോളം മാസശമ്പളവും വാങ്ങി, ചിന്ത നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും വിസ്മയത്തോത് പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു.
എന്നാല്‍ അതേ സമയം തന്നെ യുജിസിയുടെ ജെആര്‍എഫ് കിട്ടുകയും ഫുള്‍ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈ അടുത്ത് പിഎച്ച്ഡി നേടിയെടുക്കുകയും ചെയ്തു. ഡോ. ചിന്താ ജെറോമായി മാറുകയും ചെയ്തു. യുവജന കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്.
ജെആര്‍എഫിന് പാര്‍ട്ട് ടൈം റിസര്‍ച്ച് ഇല്ലല്ലോ വിസ്മയമേ. മാത്രമല്ല. ഫുള്‍ ടൈം പാര്‍ട്ട് ടൈമാക്കാനും സാധ്യമല്ല. സഖാവാണെങ്കില്‍ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനില്‍ .പി.ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണ്. സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച് തീസിസ് തയാറാക്കിയതിനാല്‍ കാലടി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയില്ല. ഇളയിടം വൈപ്പിന്‍ മന്ത്രിയുടെ കാല്‍ക്കല്‍ വീണു. സര്‍വകലാശാല വിസിക്ക് പ്രത്യേക അധികാരമുണ്ട്. നാലാമതൊരാളെക്കൊണ്ട് തീസിസ് പരിശോധിപ്പിച്ച് ബിരുദം നല്‍കാം. അങ്ങനെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വിസിയെക്കൊണ്ട് നേടിയെടുത്ത ഡോക്ടറേറ്റ് കൊണ്ട് യുജിസി-യുടെ നിയമം മറികടന്നു. അധ്യാപകര്‍ പിഎച്ച്ഡി നേടണമെന്ന നിയമം.
ചിന്താ ജെറോമും ഞങ്ങളുടെ ഈ സംശയം മാറ്റിത്തരണം. മറ്റൊരു വലിയ പോസ്റ്റില്‍ ഇരുന്നുകൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ പിഎച്ച്ഡി റിസര്‍ച്ച്? ഒന്നുകില്‍ യുവജന കമ്മിഷന്‍ അധ്യക്ഷ എന്ന പോസ്റ്റില്‍ ശമ്പളം വാങ്ങി പിഎച്ച്ഡി റിസര്‍ച്ച് നടത്തി. ഇ.പി. ജയരാജന്‍, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവന്‍ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണയുണ്ട്. പിണറായിയും പാറ പോലെ കൂടെയുണ്ട്. സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം കേട്ടതോടെയാണ് ചങ്ങായിക്കു കാര്യം പിടി കിട്ടിട്ടിയിട്ടില്ല എന്ന് മനസ്സിലായത്.
ചിന്താ ജെറോം റിസര്‍ച്ച് ചെയ്തിട്ടില്ല എന്നോ തീസിസ് വാടകയ്ക്ക് എഴുതി നല്‍കുന്ന മാഫിയയുടെ കയ്യില്‍ നിന്ന് പണം നല്‍കി കൈപ്പറ്റിയെന്നോ ഞാന്‍ പറയുന്നില്ല. നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാന്‍ ഒരു പൗരന്റെ ആകാംക്ഷ മാത്രം. ഫിലോസഫി പാര്‍ട്ട് ടൈം റിസര്‍ച്ച് ചെയ്യാന്‍ ഞാന്‍ യൂണിവേഴ്സിറ്റികളെ സമീപിച്ചപ്പോള്‍ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. അത് ഞാന്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഡോക്ടറേറ്റ് ഒന്നും കിട്ടാതെ. അസൂയ കൊണ്ടാണ്. മോദിയെ പിന്തുണയ്ക്കാതെ സഖാവായി നിന്നിരുന്നെങ്കില്‍ ജോണ്‍ ഡിറ്റോ, നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡും, സ്‌കൂള്‍ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌ക്കാരവും കിട്ടിയേനെ. എന്തിന്, പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?
Leave a Comment