ഡൽഹി: പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും ആരോഗ്യ മന്ത്രി ടി എസ് സിംഗ് ഡിയോയും ഇന്ന് രാഹുൽ ഗാന്ധിയെ കാണും. സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാനാണ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ പി എസ് പൂനിയയും യോഗത്തിൽ സന്നിഹിതനാകും. കഴിഞ്ഞ ജൂണിൽ ഭഗേൽ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഡിയോയുടെ അനുയായികൾ മുഖ്യമന്ത്രി സ്ഥാനം പങ്കു വെക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി പദം റൊട്ടേറ്റ് ചെയ്യുന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ചകളൊന്നും നടന്നിരുന്നില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. എന്നാൽ രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഡിയോക്ക് നൽകാമെന്ന് ധാരണയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. പാർട്ടിക്ക് അധികാരമുള്ള പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢിലും സ്ഥാനമോഹത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാകുന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തിരിച്ചടി സൃഷ്ടിക്കുകയാണ്.









