ഡൽഹി: അത്യാധുനിക മിസൈൽ സംവിധാനം എസ് 400 ഈ വർഷം തന്നെ ഇന്ത്യൻ വ്യോമസേനക്ക് കൈമാറുമെന്ന് റഷ്യ. നിലവിൽ ചൈനയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ആയുധ ശേഖരത്തിലുള്ള ഈ മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായാണ് ഇന്ത്യക്ക് ലഭിക്കുന്നത്. എയര്‍ ആൻ്റ് സ്പേസ് ഡിഫൻസ് മേഖലയുടെ ചുമതലയുള്ള റഷ്യൻ ഏജൻസി അൽമാസ് – ആൻ്റേയുടെ സിഇഓ വ്യാചെസ്ലാവ് സിക്കാലിൻ ആണ് ഇക്കാര്യം അറിയിച്ചത്.
കരാറിൽ പറഞ്ഞിരിക്കുന്നതു പോലെ 2021 അവസാനം മുതൽ എസ്400 മിസൈൽ സംവിധാനം ഇന്ത്യയ്ക്ക് നല്‍കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സൈനിക സാങ്കേതിക ഫോറത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ മിസൈൽ സംവിധാനം ഉപയോഗിക്കാൻ ഇന്ത്യൻ സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തിയിൽ ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മിസൈൽ സംവിധാനം എത്രയും വേഗം കൈമാറാൻ ശ്രമിക്കണമെന്ന് ഇന്ത്യ റഷ്യയോടു ആവശ്യപ്പെട്ടിരുന്നു. പാക്, ചൈനീസ് അതിര്‍ത്തികളിലായിരിക്കും ഈ മിസൈലുകള്‍ സ്ഥാപിക്കുക. 2018ൽ നാൽപതിനായിരം കോടി രൂപയുടെ കരാറാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടിട്ടുള്ളത്.








