ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന കരാറൊപ്പിട്ടു. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് ഇത്.
ഭീകരാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാനാണ് ഇന്ത്യ റൈഫിളുകൾ വാങ്ങുന്നത്. മുന്നൂറ് കോടി രൂപയുടേതാണ് കരാർ. ശ്രീനഗർ, ലഡാക്ക് തുടങ്ങിയ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കാകും ആദ്യം ഇവ ലഭ്യമാകുക.
ഇതോടൊപ്പം എകെ-203 റൈഫിളുകളുടെ ഇന്ത്യയിലെ നിർമ്മാണം തുടരും. ഇത്തരത്തിലുള്ള 6.5 ലക്ഷം റൈഫിളുകൾ ഇന്ത്യൻ സേനകളുടെ കൈകളിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിഴക്കൻ ലഡാക്കിലടക്കം ചൈനയുമായും മറ്റും പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനകളുടെ ആധുനികവത്കരണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
കശ്മീർ താഴ്വരയിലും വൂളാർ തടാകത്തിലും നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർ നിലവിൽ എകെ-103 റൈഫിളുകൾ ഉപയോഗിക്കുന്നുണ്ട്. തങ്ങൾക്ക് ആവശ്യമുള്ള ആയുധങ്ങൾ സംഭരിക്കാൻ കേന്ദ്ര സർക്കാർ, സേനകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. എകെ-47ന്റെ ആധുനികവത്കരിക്കപ്പെട്ട വകഭേദമാണ് എകെ-103.
രാജ്യത്തെ വ്യോമതാവളങ്ങളിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ഗരുഡ് സേനകൾക്കും എകെ-103 റൈഫിളുകൾ ലഭ്യമാക്കും. 2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ ആധുനികവത്കരണം ശരവേഗത്തിലാണ് പുരോഗമിക്കുന്നത്.
Discussion about this post