മനാമ: മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് കൊട്ടാരത്തിലെ ഓണാഘോഷത്തിന് അദ്ദേഹം തിരിതെളിച്ചു. സ്റ്റാര്‍വിഷന്‍ ഇവന്റ്‌സിന്റെ നേതൃത്വത്തില്‍ തന്റെ ജീവനക്കാർ ഒരുക്കിയ ഓണാഘോഷത്തിലാണ് രാജകുമാരന്‍ മുഖ്യാതിഥിയായി എത്തിയത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയമായാണ് അദ്ദേഹത്തെ വരവേറ്റത്. ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക് ആന്റ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും, റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമാണ് രാജകുമാരന്‍.
കേരളത്തിന്റെ തനിമയും ഓണത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന വിവിധതരം വേഷങ്ങള്‍, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി എന്നീ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. തന്റെ സ്റ്റാഫുകള്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഓണത്തിന്റെ ഐതിഹ്യത്തെകുറിച്ചുള്ള ദൃശ്യാവിഷ്‌കാരവും ആസ്വദിച്ച് ജീവനക്കാർക്കൊപ്പം ഫോട്ടോയും എടുത്തിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വിവിധ മതക്കാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നതിന് ബഹ്റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന സ്വാതന്ത്ര്യം മാതൃകാപരവും മഹത്തരവുമാണ്.












