ഡൽഹി: പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി താലിബാൻ. ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ ഓഫീസറും താലിബാൻ ഉന്നതനുമായ ഷേർ മുഹമ്മദ് സ്റ്റാനിക്സായി പറഞ്ഞു. ഇന്ത്യയുമായി സാംസ്കാരികവും സാമ്പത്തികവുമായ സൗഹൃദബന്ധം സ്ഥാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്റ്റാനിക്സായി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നീണ്ട രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ തർക്കമുണ്ട്. അവരുടെ ആഭ്യന്തര പോരാട്ടത്തിൽ താലിബാൻ ഇടപെടില്ല. ഈ വിഷയത്തിൽ അഫ്ഗാനിസ്ഥാന്റെ ഭൂമി ഉപയോഗിക്കാൻ പാകിസ്ഥാനെ എന്നല്ല, ആരെയും അനുവദിക്കില്ലെന്ന് സ്റ്റാനിക്സായ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ലഷ്കറോ ജെയ്ഷോ ഇടപെടാൻ അനുവദിക്കില്ല. അഫ്ഗാനിസ്ഥാനിലെ സിഖുകാരെയും ഹിന്ദുക്കളെയും ഒഴിപ്പിക്കേണ്ട ആവശ്യമില്ല. അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ വികസനം തങ്ങളുടെ ദേശീയ സ്വത്താണ്. വീണ്ടും വരാനും ആ പദ്ധതികൾ പൂർത്തിയാക്കാനും ഇന്ത്യയെ ക്ഷണിക്കുകയാണെന്നും സ്റ്റാനിക്സായി വ്യക്തമാക്കി.












