വാക്സിനെ അതിജീവിക്കുന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതൽ വ്യാപന ശേഷിയുള്ള ഇത് ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. സി.1.2 വകഭേദം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ കണ്ടെത്തിയ ഈ വകഭേദം ചൈന, ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചതായും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു. മറ്റ് വകഭേദങ്ങളെക്കാൾ സങ്കീർണമായി സി.1.2ന് ജനിതക വ്യതിയാനം സംഭവിച്ചിരിക്കാമെന്നും വിദഗ്ധർ ഭയപ്പെടുന്നു. കൊവിഡ് ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്ക് സമാനമായി ഈ വകഭേദവും പടർന്ന് പിടിച്ചേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഇത് കൂടുതൽ വ്യാപകമായി പടർന്ന് പിടിച്ചേക്കാമെന്നും ജനിതക വ്യതിയാനം സങ്കീർണമായതിനാൽ നിലവിലെ വാക്സിനുകളെ അതിജീവിച്ചേക്കാമെന്നും സി എസ് ഐ ആറിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇവ പടരാതെ സൂക്ഷിക്കുകയാണ് ഏറ്റവും അഭികാമ്യമെന്നും ഇവർ പറയുന്നു.
കൂടാതെ നേരത്തെ രോഗം വന്ന് ഭേദമായവരിലെ ആന്റിബോഡികളെയും ഇവ അതിജീവിച്ചേക്കാമെന്നും അങ്ങനെ വന്നാൽ രോഗവ്യാപനം കൂടുതൽ തീക്ഷ്ണമായേക്കാമെന്നും വിദഗ്ധർ സമർത്ഥിക്കുന്നു.











