മൈസൂരു കൂട്ടബലാത്സംഗ കേസിലെ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന തിരുപ്പൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. ആറാം പ്രതിയായ വിജയകുമാർ തിങ്കളാഴ്ച രാത്രിയോടെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പിടിയിലായത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ കേസിൽ മറ്റൊരു പ്രതിയായ ഏഴാമന്റെ പങ്കാളിത്തം പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അയാളും ഒളിവിലാണ്. ഇയാളുടെ അറസ്റ്റിനായി ടീമിനെ നിയമിച്ചിട്ടുണ്ട്.
മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആഗസ്റ്റ് 28 ന് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 24 ന് മൈസൂരിലെ ചാമുണ്ഡി മലയുടെ അടിവാരത്താണ് കൂട്ടബലാത്സംഗം നടന്നത്. സംഘം യുവതിയെയും യുവാവിനെയും ആക്രമിക്കുകയും 3 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. പണം ലഭിക്കാതെ വന്നപ്പോൾ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
അതേസമയം, കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് വകുപ്പിന് കഴിയില്ലെന്ന് അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. “ഇരയെ ഞങ്ങൾ നിർബന്ധിക്കില്ല,” അദ്ദേഹം ആവർത്തിച്ചു.
പ്രതികളെ പിടികൂടുന്നതിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം കൈമാറിയിട്ടുണ്ട്. “ഏതെങ്കിലും കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അത് തെറ്റാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം റോഡ് കവർച്ച, പീഡനക്കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post