കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിലെ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശിയായ 20 കാരനാണ് പിടിയിലായത്. ബുധനാഴ്ച പെൺകുട്ടി പ്രസവിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുഞ്ഞ് മരിച്ചിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെ മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയ 17 കാരി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ശിശുവിന് ആറുമാസം മാത്രമാണ് വളർച്ച ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ആശുപത്രിയിൽ വച്ചാണ് അറിഞ്ഞതെന്നാണ് മാതാവ് പൊലീസിനു നൽകിയ മൊഴി. പെൺകുട്ടി ഈ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം അറിഞ്ഞ് പൊലീസും ഫൊറൻസിക് വിദഗ്ധരും ആശുപത്രിയിലെത്തിയിരുന്നു. പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുഞ്ഞിന്റെ മരണത്തിൽ പെൺകുട്ടിക്കു പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.












