ചണ്ഡിഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് നേതൃത്വത്തെ ‘പാഞ്ച് പ്യാരേ’യെന്ന് വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്ന ‘പാഞ്ച് പ്യാരെ’ പദം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാര്‍ത്തിക്കൊടുത്തതാണ് വിനയായത്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗറിലെ ഖതിമക്ക് സമീപത്തെ നാനക്മത്ത ഗുരുദ്വാരയുടെ തറ തുടച്ചും ഭക്തരുടെ ഷൂ വൃത്തിയാക്കിയുമായിരുന്നു പ്രായശ്ചിത്തം. റാവത്ത് ഷൂ വൃത്തിയാക്കുന്നതിന്റെയും തറ തുടക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നു.
കോണ്‍ഗ്രസ് പഞ്ചാബ് നേതൃത്വത്തെ ‘പാഞ്ച് പ്യാരെ’യെന്ന് റാവത്ത് വിശേഷിപ്പിച്ചതിനെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തിയതോടെ വിവാദ പരാമര്‍ശം പിന്‍വലിച്ച് ഹരീഷ് റാവത്ത് മാപ്പ് പറഞ്ഞിരുന്നു. പ്രായശ്ചിത്തമായി ഗുരുദ്വാരയിലെ നിലം വൃത്തിയാക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.
പഞ്ചാബ് കോണ്‍ഗ്രസിലെ പിണക്കം തീര്‍ക്കാന്‍ ചൊവ്വാഴ്ച ചണ്ഡീഗഢിലെത്തിയതായിരുന്നു ഹരീഷ് റാവത്ത്. കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായ നാലു പേരെയുമാണ് ‘പാഞ്ച് പ്യാരെ’യെന്ന് പുകഴ്ത്തിയത്.
സിഖ് മതവിശ്വാസ പ്രകാരം ഗുരു ഗോവിന്ദ് സിങ്ങിന്റെ സഹായികളായ അഞ്ചു പേരെയാണ് ‘പാഞ്ച് പ്യാരെ’യെന്ന് വിശേഷിപ്പിക്കുന്നത്. ചില പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും തനിക്ക് അബദ്ധം പറ്റിയതായി ബോധ്യപ്പെട്ടതിനാല്‍ തിരുത്തുകയാണെന്നും ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.
Discussion about this post