തിരുവല്ല : കുറ്റൂർ തെങ്ങേലിയിൽ കോവിഡ് ലോക്ഡൗൺ ലംഘിച്ച് യോഗം ചേർന്ന സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.കഴിഞ്ഞ ഞായറാഴ്ച സിപിഎമ്മിൽ ചേർന്നവർക്കു നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. പകർച്ചവ്യാധി നിരോധന നിയമം, ലോക്ഡൗൺ നിയന്ത്രണ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു ആദ്യം പൊലീസ് നിലപാട്. ഞായറാഴ്ച ഉച്ചയ്ക്കു നടന്ന സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാത്രി 11.50ന് കേസെടുക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ജു എന്നിവരടക്കം ഏകദേശം 150 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഇതേ സ്ഥലത്ത് ഒരു മാസം മുൻപ് രാത്രി മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വഴിവെട്ടിയ സംഭവത്തിൽ 30 പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരുടെ കുടുംബാംഗങ്ങളടക്കം സിപിഎമ്മിൽ ചേർന്നതിനായിരുന്നു യോഗം.












