ഡല്‍ഹി: സിവില്‍ ഡിഫന്‍സ് വോളണ്ടിയറായ 21കാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. യുവതിയെ ‘ഭര്‍ത്താവ്’ കൊന്നു എന്നാണ് പൊലീസ് അറിയിച്ചത്.
ഡല്‍ഹി സ്വദേശിനിയായ യുവതി ജോലിക്ക് പോയ ശേഷം മടങ്ങിയെത്തിയില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി പൊലീസ് സംഭവം ഹരിയാന പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിട്ടിയത്. യുവതിയുടെ മൃതദേഹം ഹരിയാനയില്‍ നിന്ന് ലഭിച്ചെന്നും ഇവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നുമാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് പറഞ്ഞത് വിശ്വസിക്കുന്നില്ലെന്നും യുവതിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായുമാണ് ബന്ധുക്കള്‍ പറഞ്ഞത്.
ഹരിയാനയിലെ ഫരീദബാദിലെ സൂരജ്കുണ്ഡില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിയുടെ മരണം വലിയ വിവാദമാകുകയും ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായ യുവതിയുടെ മൃതദേഹം പലഭാഗങ്ങളാക്കിയ നിലയിലാണ് ലഭിച്ചതെന്നും മുന്‍പ് വലിയ പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് വിശദീകരണവുമായി വന്നത്.
ജൂണ്‍ 11ന് നിസാമുദ്ദീന്‍(25) എന്നയാളെ യുവതി രഹസ്യ വിവാഹം ചെയ്‌തെന്നും ഇത് ഇവര്‍ രഹസ്യമാക്കി വച്ചതുകൊണ്ടാണ് ഇയാളെ യുവതിയുടെ ബന്ധുക്കള്‍ അറിയാത്തതെന്നും പൊലീസ് അറിയിക്കുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് താന്‍ ഭാര്യയെ കൊന്നത് എന്ന് അവകാശപ്പെട്ട് നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാക്കി.
ശക്തമായ അടിയേറ്റ ആഘാതത്തിലാണ് യുവതി മരിച്ചതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കുടുംബം അംഗീകരിച്ചിട്ടില്ല. യുവതിയുടെ ശരീരത്തിലെ ഗുരുതരമായ മുറിവുകള്‍ ഒറ്റയ്‌ക്ക് ഒരാള്‍ ചെയ്‌തതല്ലെന്നും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായെന്നും റീ പോസ്‌റ്റ് മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സംഭവം ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
Discussion about this post