ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. മന്ത്രിമാരായ രാജ്നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാന്‍ഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയര്‍സ്ട്രിപിന്‍റെ ഉദ്ഘാടനം. എസി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് സൈനിക യാത്രാവിമാനമാണ് രാജസ്ഥാനിലെ ബാര്‍മറില്‍ ദേശീയ പാതയില്‍ അടിയന്തരമായി ഇറക്കിയത്.
അടിയന്തര സാഹചര്യങ്ങളില്‍ സൈനിക വിമാനങ്ങള്‍ക്കുളള എയര്‍സ്‌ട്രിപ്പുകളായി ദേശീയ പാതയെ ഉപയോഗിക്കുന്നതിനുളള ഗുണനിലവാര പരിശോധനയായിരുന്നു നടന്നത്. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വായുസേന മേധാവി ആര്‍കെഎസ് ഭദൗരിയയും ഉണ്ടായിരുന്നു.
ഹെര്‍ക്കുലീസ് യുദ്ധവിമാനത്തിന് പിറകെ ജാഗ്വാര്‍, സുഖോയ് പോലെയുളള യുദ്ധവിമാനങ്ങളും ദേശീയപാതയിലിറക്കി. വിമാനം സുരക്ഷിതമായി ഇറക്കുന്നത് കാണാന്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്‌റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ കുറച്ചാളുകള്‍ ഹൈവേയോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്നു.
ആഗ്ര-ലക്നൗ ദേശീയപാത ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി 12 ദേശീയപാതകള്‍ ഇത്തരത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തേതാണ് ബാര്‍മെറിലെ ദേശിയപാത 925എയിലെ മൂന്ന് കിലോമീറ്റര്‍ റോഡ്.
സാധാരണ ഗതാഗതത്തിനാണ് ദേശീയപാതകളെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഇവ വ്യോമസേനാ വിമാനങ്ങള്‍ക്കായി ഉപയോഗിക്കും. ആ സമയം സര്‍വീസ് റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവയ്‌ക്ക് പുറമേ അടിയന്തര സാഹചര്യം നേരിടാന്‍ കുന്താപുര, സിംഗ്ഘാനിയ, ബഖാസ ഗ്രാമം എന്നിവിടങ്ങളിലും ഹെലിപാടുകളും നിര്‍മ്മിച്ചിട്ടുണ്ട്.
Discussion about this post