ഡല്‍ഹി: ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര്‍ നാലിനായിരിക്കും തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ നിന്നും രണ്ട് സീറ്റും അസം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സീറ്റുവീതവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ബംഗാളിലെ സീറ്റിന് 2023 വരെയും തമിഴ്നാട്ടിലെ ഒരു സീറ്റ് അടുത്ത വര്‍ഷം വരെയും രണ്ടാമത്തെ സീറ്റില്‍ 2026 വരെയും അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേത് 2026 വരെയും മധ്യപ്രദേശിലേത് 2024 വരെയുമാണ് കാലാവധി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബംഗാളില്‍ മനാസ് ഭുയനും അസമിലെ ബിശ്വജിത് ഡയമേരിയും രാജിവച്ചതിനെ തുടര്‍ന്നാണ് സീറ്റ് ഒഴിവുവന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള അംഗം രാജീവ് സത്താാവ് കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന തവര്‍ ചന്ദ് ഗെലോട്ട് മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് കര്‍ണാടക ഗവര്‍ണറായി പോയതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള എഐഎഡിഎം.കെ അംഗങ്ങളായ കെ.പി മുനുസാമിയും ആര്. വൈത്തിലിംഗവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു രാജിവച്ചത്.
ബംഗാളില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമെന്നാണ് സൂചന. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് മത്സരത്തിന് തയ്യാറാകാത്തത് ഈ നീക്കുപോക്കിന്റെ പേരിലാണ്. അസമിലെ സില്‍ചറില്‍ നിന്ന് ലോക്സഭയില്‍ എത്തിയിട്ടുള്ള സുസ്മിത ദേവ് 2019ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
അസമില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും നിലവിലെ കേന്ദ്രമന്ത്രിയുമായ സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയില്‍ എത്തും. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുമായുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നാണ് സര്‍ബാനന്ദ സോനോവാള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയത്.
തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റുകളും കോണ്‍ഗ്രസും ഡി.എം.കെയും പങ്കുവച്ചേക്കും. ഒരു സീറ്റില്‍ രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനായിരിക്കും സാധ്യത. മഹാരാഷ്ട്രയില്‍ വന്നിരിക്കുന്ന ഒഴിവില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നികിനാണ് സാധ്യത കൂടുതല്‍.
Discussion about this post