തിരുവനന്തപുരം: തലസ്ഥാനത്ത് ഇടത് എം എൽ എയുടെ പിന്തുണയോടെ ഭൂമാഫിയ സംഘം ക്ഷേത്രഭൂമി കൈയ്യേറുന്നതായി ആക്ഷേപം. മൂവായിരം വർഷം പഴക്കമുള്ളതും ശൈവ-വൈഷ്ണവ സങ്കേതവുമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കാട്ടാക്കട, കൊറ്റം പള്ളി, വെള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കണ്ഠൻ ശാസ്താം കോവിൽ എന്നിവ കൈയ്യേറിയാണ് ഭൂമാഫിയ സംഘത്തിന്റെ വിളയാട്ടം. ഏക്കറുകണക്കിന് ക്ഷേത്രഭൂമിയാണ് ഇത്തരത്തിൽ ഭൂമാഫിയ സംഘം കൈയ്യേറിയിരിക്കുന്നത് എന്ന് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ മണ്ഡലം എം എൽ എയുടെ കുടുംബമാണ് വ്യാജരേഖകൾ ഉണ്ടാക്കി ക്ഷേത്രം ഇരിപ്പ് സ്ഥലം ഒഴികെ കൈവശപ്പെടുത്തുകയും ക്ഷേത്രഭൂമി കയ്യേറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തത് എന്നാണ് ആരോപണം. കൈവശം വെച്ചിരുന്ന ഭൂമി ഭാവിയിൽ നഷ്ടപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടു രഹസ്യമായി മറ്റൊരു വ്യക്തിക്ക് ഇത് കൈമാറ്റം ചെയ്തതായാണ് റിപ്പോർട്ട്. മാറനല്ലൂർ സ്വദേശി അച്ചായൻ എന്ന ആനന്ദരാജ് ആണ് ബിനാമിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമാഫിയാ സംഘത്തിന്റെ ജെസിബി ആക്രമണത്തിൽ പ്രദേശത്ത് അടുത്തയിടെ യുവാവ് കൊല്ലപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നടക്കുന്ന കൈയ്യേറ്റതിനെതിരെ ജനരോഷം ഉയരുകയാണ്.












