പാലക്കാട്: സേലം-കന്യാകുമാരി ദേശീയപാതയില്‍ പാലന ആശുപത്രിക്ക് സമീപം ബസില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. ബസ് ഡ്രൈവര്‍ സഞ്ജയ്, കഞ്ചാവ് വാങ്ങാനെത്തിയ ആലുവ സ്വദേശികളായ നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളില്‍നിന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളുമായി വന്ന ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പാലക്കാട്ടു വെച്ച് രണ്ട് ആഡംബര കാറുകളിലേക്ക് കഞ്ചാവ് മാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. പശ്ചിമബംഗാളില്‍നിന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റിക്കൊണ്ട് വരുന്നതിന്റെ മറവില്‍ കഞ്ചാവ് കടത്തുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
എറണാകുളം സ്വദേശി സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും വിശാഖപട്ടണത്തെ കാക്കിനടയില്‍ നിന്നുമാണ് കഞ്ചാവ് കയറ്റിയതെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പരിശോധനക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.വി. വിനോദ്, ആര്.ജി. രാജേഷ്, ടി.ആര്. മുകേഷ്കുമാര്‍, എസ്. മധുസൂദനന് നായര്‍, സി. സെന്തില്‍ കുമാര്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍മാരായ മുസ്തഫ ചോലയില്‍, രാജ്കുമാര് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിശാഖ്, പി. സുബിന്, എസ്. ഷംനാദ്, ആര്. രാജേഷ് മുഹമ്മദ്അലി, അനീഷ് എക്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post