കൊച്ചി: കാക്കനാട്ട് കോടികളുടെ മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മയക്കുമരുന്ന് വില്പനയില് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ആമ്പല്ലൂര്‍ ചാലക്കപ്പാറ സ്വദേശി ഷിഫാന് താജാണ് (23)എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഒന്നാം പ്രതിയുമായി ഇയാള്‍ സാമ്പത്തിക ഇടപാട് നടത്തിയത് സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി.എസ്. കാസിം പറഞ്ഞു. മയക്കുമരുന്ന് വാങ്ങാനാണ് ഇയാള്‍ പ്രതികള്‍ക്ക് പണം നല്‍കിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയം തോന്നിയവരെ കൊച്ചിയിലെ എക്സൈസ് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയായിരുന്നു. ഏതാനും ദിവസങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരും.
ഷിഫാന് രണ്ട് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്ന് പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പണം എന്തിനാണ് അയച്ചുനല്‍കിയതെന്ന ചോദ്യത്തിലാണ് പ്രതി കുടുങ്ങിയത്.കാക്കനാട് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് ഷിഫാന്.
Discussion about this post