പറവൂർ: സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിലെ വേലംകടവ് പാലത്തിൽ ചുവന്ന നിറമടിച്ച് സി.പി.എം പ്രവർത്തകർ. പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലം പഞ്ചായത്തിന്റെ അധീനതയിലാണ്. 11, 5 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
ചുവന്നനിറം അടിക്കുകയും ഫ്ലക്സുകൾ സ്ഥാപിക്കുകയും തൂണുകളിൽ പാർട്ടിയുടെ പേര് എഴുതുകയും ചെയ്തു. ചെറിയപല്ലംതുരുത്ത് ബ്രാഞ്ചിലെ പ്രവർത്തകരാണ് പെയിന്റ് അടിച്ചത്.
അതേസമയം സി.പി.എം നടത്തിയത് പൊതുമുതൽ കൈയേറ്റവും സാമൂഹികവിരുദ്ധ പ്രവർത്തനവുമാണ് നടത്തിയതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വസന്ത് ശിവാവന്ദൻ പറഞ്ഞു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും വടക്കേക്കര പൊലീസിനും പരാതി നൽകി. ചുവപ്പുനിറം അടിച്ചവരെക്കൊണ്ടുതന്നെ മുമ്പുണ്ടായിരുന്ന നിറം അടിപ്പിക്കണമെന്ന് നാട്ടുകാരും പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. പെയിന്റ് അടിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post