പൊന്നാനി (മലപ്പുറം): നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മലബാര്‍ സമരം സംബന്ധിച്ച സ്പീക്കറുടെ നിലപാടിനെ വിമർശിച്ചാണ് ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ തൂക്കികൊല്ലുന്ന സമയത്ത് മക്കയിലേക്ക് പോണോ മരണം വേണോ എന്ന് ബ്രിട്ടീഷുകാര്‍ ചോദിച്ച കഥ സ്പീക്കര്‍ എം.ബി. രാജേഷിന് ദിവാസ്വപ്നത്തില്‍ വെളിപ്പെട്ടതാകാമെന്നും അല്ലെങ്കില്‍ ഭാര്യയുടെ അച്ഛന് പറഞ്ഞുകൊടുത്തതാകാമെന്നുമാണ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സ്പീക്കറുമായി സംവാദത്തിന് തയാറാണെന്നും അതിന് കേരളത്തിന്‍റെ സ്പീക്കറായ എം.ബി. രാജേഷ് എന്ന മുക്കാലിയെ വെല്ലുവിളിക്കുകയാണെന്നും ബി. ഗോപാലകൃഷണന്‍ പറഞ്ഞു. ബി.ജെ.പി പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 1921 രക്ഷസാക്ഷി സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിന് രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ചരിത്രസത്യം ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ താന്‍ ആരോടും മാപ്പ് പറയില്ലെന്നായിരുന്നു രാജേഷിന്‍റെ മറുപടി.












