ദുശാന്‍ബേ: വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും പരസ്‌പര വിശ്വാസത്തിനും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്‌ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തകാലത്തായി അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇസ്ളാമിക പാരമ്ബര്യമുളള, സഹിഷ്‌ണുതയുളള സ്ഥാപനങ്ങളുമായി ഒരു ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും വിവിധ രാജ്യതലവന്മാരോട് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എസ്‌സിഒയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയം ഇതിന് പറ്റിയ കാലമാണെന്നും അദ്ദേഹം പറഞ്ഞു. യോജിച്ചുളള സംരംഭങ്ങള്‍ വഴി എല്ലാ രാജ്യങ്ങളുടെയും തനതായ സമഗ്രതയെ ബഹുമാനിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കരയാല്‍ ബന്ധപ്പെട്ട് കിടക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയെ ബന്ധപ്പെടുക വഴി ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്‌സിഒയില്‍ പുതിയ അംഗമായ ഇറാനെ യോഗത്തിലേക്ക് സ്വാഗതം ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല. പുതിയ സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, ഈജിപ്‌റ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു.












